പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി. ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ മോദിയേയും കാണും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ ഇരുവരുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും.
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിൻ്റെ പുനർ നിർമാണത്തിന് ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്‌തമല്ലെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്ന് അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.












































































