മലപ്പുറം: കരാർ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിൽ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ് പിടിയിൽ. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഹാരിസ് പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വ്യാപകമായി പരാതികൾ ലഭിച്ചതിന് പിന്നാലെ ഹാരിസിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. യൂത്ത് ലീഗിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു ഹാരിസ്. അതേസമയം, സംഭവത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.