ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് വൈകിട്ട് ഏഴിന് പൂനെയിലാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. ആദ്യമത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരുക്കേറ്റ സഞ്ജു സാംസൺ ഇന്ന് കളിക്കില്ല. "സഞ്ജുവിന്റെ ഇടത് കാൽമുട്ടിനാണ് പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതൽ പരിശോധനകൾക്കായി ബിസിസിഐ മെഡിക്കൽ ടീം മുംബൈയിൽ അദ്ദേഹത്തോടൊപ്പമുണ്ട്". ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ടീമിൽ സ്ഥാനമുറപ്പിക്കാൻ യുവതാരങ്ങൾക്കെല്ലാം പരമ്പര നിർണായകം. ലങ്കൻ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല.
