കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് പിടിയിൽ. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസക്കുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീനേ(20)യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യയും, മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കൂടിയായ രശ്മി രാജ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണപ്പെടുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.
