തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ കൃഷി മന്ത്രി പി. പ്രസാദും 20 കർഷകരും ഇസ്രയേലിലേക്ക്.മന്ത്രിക്കു പുറമേ ഉദ്യോഗസ്ഥ സംഘവും 2 മാധ്യമപ്രവർത്തകരുമുണ്ടാകും. അടുത്ത മാസം 12 മുതൽ 19 വരെയാണ് സന്ദർശനത്തിന് അനുമതി. യാത്രച്ചെലവിനായി 2 കോടി വകയിരുത്തി.കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇ-മെയിലിലൂടെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് കർഷകരെ തിരഞ്ഞെടുത്തത്. 34 അപേക്ഷകളാണു ലഭിച്ചത്.ഉദ്യോഗസ്ഥരിൽ ആരൊക്കെ സംഘത്തിലുണ്ടാകുമെന്നു പിന്നീടു വ്യക്തമാക്കുമെന്നു കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.ഇസ്രയേലിലെ പ്രധാന കാർഷിക പഠന കേന്ദ്രങ്ങൾ, നൂതന കൃഷി ഫാമുകൾ, കാർഷിക വ്യവസായ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കും.തിരഞ്ഞെടുത്ത കർഷകരിൽ ചിലരുടെ വിമാന ടിക്കറ്റിന്റെ ചെലവു വഹിക്കുന്നത് അവർ തന്നെയാണെന്നും ഒരു കർഷകന് കുറഞ്ഞത് 3 ലക്ഷം രൂപയാണ് ചെലവു വരികയെന്നും കൃഷി വകുപ്പ് പറഞ്ഞു.
