തുറവൂർ: കെഎസ്‌എഫ്‌ഇയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി. പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി കുത്തിയതോട് പൊലീസ്.
കെഎസ്‌എഫ് ഇ യുടെ തുറവൂർ ബ്രാഞ്ചിലാണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. എറണാകുളം രായമംഗലം പഞ്ചായത്ത് പുല്ലുവഴി കാളംമാലിയില്‍ എല്‍ദോ വർഗീസ്, പുല്ലുകുഴി ഞെഴുവങ്കൻ വീട്ടില്‍ 48 കാരനായ ജിബി, വാരപ്പെട്ടി പാറയില്‍കുടി ചാലില്‍ 48 കാരനായ ബിജു സി എ എന്നിവരാണ് പിടിയിലായത്.
ഡിസംബർ 17ന് ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന വ്യാജപേരിലെത്തിയ എല്‍ദോ വർഗീസ് രണ്ട് മുക്കുപണ്ട വളകള്‍ പണയം വെച്ച് 1,40,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എല്‍ദോ വർഗീസ് ബാങ്കിലെത്തിയത്. സംസാരിക്കാൻ പ്രയാസമുള്ളതുപോലെ പെരുമാറിയ ഇയാള്‍ക്കൊപ്പം സഹായിയെന്ന നിലയില്‍ ജിബിയും ഉണ്ടായിരുന്നു. ബിജു മൊബൈല്‍ ആപ്പ് വഴി നിർമ്മിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അപ്രൈസറുടെ പ്രാഥമിക പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്താനായില്ലെങ്കിലും പിന്നീട് ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഒരു പവൻ സ്വർണ്ണത്തില്‍ നാല് പവൻ ചെമ്പ് കയറ്റി സ്വർണ്ണനൂലുകള്‍ കൊണ്ട് പൊതിഞ്ഞാണ് ഇവർ ആഭരണം നിർമ്മിച്ചിരുന്നത്. ലായനിയില്‍ ഇട്ടാലോ ഉരച്ചു നോക്കിയാലോ തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിലായിരുന്നു ആഭരണ നിർമ്മാണമെന്നും പ്രതികള്‍ സമ്മതിച്ചു.
പ്രതികള്‍ക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി ഇരുപതോളം മുക്കുപണ്ട പണയ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജേഷ്, അമല്‍രാജ്, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.














































































