പുനലൂര്‍ മുക്കടവിലെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ്.
മലയോര ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റബ്ബര്‍ തോട്ടത്തില്‍ ഇന്ന് കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികള്‍ ഇല്ലാത്തതിനാല്‍ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. ഏകദേശം ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബര്‍ മരത്തില്‍ കെട്ടിയ നിലയിലുമായിരുന്നു. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണത്തിലും ആളെ തിരിച്ചറിയുന്നതിലും വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.