കോട്ടയം: ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസിനടിയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അടൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് യുവതിയെ ഇടിച്ചത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം. ചിങ്ങവനം പുത്തൻപാലത്തിൽ വെച്ചായിരുന്നു അപകമുണ്ടായത്. കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടിൽ അജിത്ത് കുമാറിൻ്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തിൽപ്പെട്ടത്. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയിലാണ് ബസിൻ്റെ മുൻ ചക്രം കയറി നിന്നത്. നാട്ടുകാർ ഉടൻ തന്നെ മുടി മുറിച്ച് മാറ്റി അമ്പിളിയെ രക്ഷിച്ചു.ഇളംകാവ് മലകുന്നം സ്കൂൾ ബസ് ജീവനക്കാരിയായിരുന്നു അമ്പിളി. സ്കൂൾ ബസിൽ നിന്നും കുട്ടികളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ അമ്പിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
