ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം മുന്‍കൂട്ടി കണ്ടെത്തുന്നത് വഴി റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനം കൃത്രിമബുദ്ധിയുടെ (എഐ) സഹായത്തോടെ വികസിപ്പിച്ചതിന് മഹാത്മാഗാന്ധി സര്‍വകലാശാലക്ക് പേറ്റന്‍റ്.

സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ പ്രൊഫ. (ഡോ.) പുഷ്പലത കെ.പി., ഗവേഷണ വിദ്യാര്‍ത്ഥിനി, ഡോ. വിനീത വിജയൻ എന്നിവർക്കാണ് "എ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം" എന്ന പേരിലുള്ള കണ്ടുപിടിത്തത്തിന് (പേറ്റന്‍റ് നമ്പര്‍ 576349) ഇന്ത്യാ സര്‍ക്കാരിന്‍റെ പേറ്റന്റ് ലഭിച്ചത്.
റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണ്ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവര്‍- ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക്-ലേണിംഗ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്‍റെ ലക്ഷ്യം. ഇന്‍റലിജന്‍റ് വിഷന്‍-അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും തത്സമയ പെരുമാറ്റ വിശകലനങ്ങളും ആസ്പദമാക്കിയുള്ള ഡോക്ടറല്‍ ഗവേഷണത്തിന്‍റെ ഫലമായാണ് ഇത് വികസിപ്പിച്ചത്.
മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്ത് ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തന്നെ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും.
മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്നറിയിപ്പ് നല്‍കുന്നതിലൂടെ ക്ഷീണവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
തെറ്റായ അലാറങ്ങള്‍ കുറയ്ക്കുന്നതിനും കണ്ടെത്തലുകളിലെ കൃത്യത വര്‍ധിപ്പിക്കുന്നതിനുമായി ആധുനിക എഐ സാങ്കേതികവിദ്യകള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്ലേഷണല്‍ ഗവേഷണത്തിന് വലിയ സാധ്യതകളുള്ള ഈ കണ്ടുപിടിത്തം, വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഫീല്‍ഡ് തല പരിശോധനകള്‍ നടത്തി പ്രായോഗികവല്‍ക്കരിക്കുന്നതിനുള്ള അവസരങ്ങളും മുന്നോട്ടുവെക്കുന്നു.
മനുഷ്യനും വാഹനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്ന അഡാപ്റ്റീവ് മോഡ്യൂള്‍ വികസിപ്പിക്കുകയാണ് ഗവേഷണത്തിന്‍റെ അടുത്ത ഘട്ടം. ഇതിലൂടെ, ഡ്രൈവറുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും അനുസരിച്ച് ഇടപെടല്‍ തന്ത്രങ്ങള്‍ വ്യക്തിഗതമാക്കാനാകും. ഇതോടെ, ഡ്രൗസിനസ് കണ്ടെത്തല്‍ ഒരു പ്രതികരണാത്മക മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് മുന്‍കരുതല്‍ സ്വീകരിക്കുന്ന, സാഹചര്യബോധമുള്ള അപകട പ്രതിരോധ സംവിധാനമായി മാറും.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ള നിരവധി അന്താരാഷ്ട്ര പേറ്റന്‍റുകളുമായി നടത്തിയ താരതമ്യ പഠനത്തിലൂടെയാണ് ഈ കണ്ടുപിടിത്തത്തിന്‍റെ സാങ്കേതികമികവ് തെളിയിച്ചിരിക്കുന്നത്.
പുതുമയും സാമൂഹിക പ്രസക്തിയും കണക്കിലെടുത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഇന്‍നോവേഷന്‍ നെറ്റ്വര്‍ക്ക് കേരള (RINK) നല്‍കുന്ന സീഡ് ഫണ്ടിംഗിന്‍റെ പിന്തുണയും ഈ ഗവേഷണത്തിന് ലഭിച്ചിരുന്നു.














































































