തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കി. ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
പണം നല്‍കിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്‌ഐടിക്ക് നല്‍കി. ഗോവർധനനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ ഇവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍റെ മൊഴി. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഗോവര്‍ധന്‍റെ വാദം.
ഗോവര്‍ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വർണം സ്മാർട്ട് ക്രിയേഷനില്‍ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കല്‍പേഷിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.















































































