കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്‌റ്റിൽ. സന്തോഷ്, ജയൻ, സുജിത് ലാൽ , മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നീ 5 പേരെയാണു കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തി പിടികൂടിയത്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലക്കാരാണിവർ.
മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. 12 പേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഒരു സംഘം കേരളത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്‌റ്റിലായവരെ കസ്‌റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഒന്നര മാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്നു ചെന്നൈയിലെ സൗക്കാർപെട്ടിലേക്കു പോയ വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോൾ, കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കാർ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. 2017 മുതൽ കമ്മീഷൻ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു കൊടുക്കുന്ന കമ്പനിയാണ് ജതിൻ നടത്തുന്നത്.














































































