ഭാരത് ബെൻസിൻ്റെ വർക്ക് ഷോപ്പിൽ മൃതദേഹം അടങ്ങിയ പെട്ടി ആംബുലൻസിൽ നിന്നിറക്കി പൊതുദർശനത്തിനായി വെച്ചപ്പോൾ, അത് ഒരു വർക്ക് ഷോപ്പ് ആണെന്ന തോന്നൽ പോലും ഇല്ലാതെയായിരുന്നു. മൗനപ്രാർത്ഥനയ്ക്ക് ശേഷം വരിവരിയായി എത്തിയ ജീവനക്കാരും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. ദുഃഖം താങ്ങാനാവാതെ പലരും പൊട്ടിക്കരഞ്ഞു. വീർപ്പുമുട്ടി നിൽക്കുന്ന 125 തൊഴിലാളികളുടെ കണ്ണുകളിൽ ഒരേ വേദന — സ്വന്തം ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന.

2012-ൽ പാമ്പാടി 12-ാം മൈൽ സ്വദേശിയായ ജയചന്ദ്രൻ ഭാരത് ബെൻസിൻ സർവീസ് സെൻ്ററിൽ ജോലിക്കെത്തിയതോടെയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശ ലഭിച്ചത്. അശ്രാന്തമായ പരിശ്രമവും ആത്മാർത്ഥതയും കൊണ്ട് സർവീസ് സെൻ്ററിനെ ഉയരങ്ങളിലേക്ക് നയിച്ച ജയചന്ദ്രൻ, ഇന്ന് കാണുന്ന പുരോഗതിയുടെ പ്രധാന ശില്പികളിലൊരാളായിരുന്നു. സർവീസ് സെൻ്റർ മാനേജർ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച കഴിവും നേതൃത്വം നൽകുന്ന മികവും കമ്പനി തിരിച്ചറിഞ്ഞതോടെയാണ് ഇടുക്കി–എറണാകുളം ഷോറൂമുകളുടെ ചുമതലയും പിന്നീട് ഡൽഹിയിൽ പുതിയ ഷോറൂം ആരംഭിക്കാനുള്ള പ്രമോഷനും അദ്ദേഹത്തിന് ലഭിച്ചത്.

പുതിയ ഷോറൂം ചിട്ടപ്പെടുത്തുന്നതിനായി കഴിഞ്ഞ 15 ദിവസമായി ഡൽഹിയിലായിരുന്നു ജയചന്ദ്രൻ. എന്നാൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ഹൃദയസ്തംഭനം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തു. നെടുമ്പാശേരിയിൽ എത്തിയ മൃതദേഹം പാമ്പാടിയിലേക്കുള്ള യാത്രാമധ്യേ കൂത്താട്ടുകുളത്ത് പൊതുദർശനത്തിനായി വെച്ചപ്പോഴാണ് സഹപ്രവർത്തകരും നാട്ടുകാരും അവസാനമായി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.

വ്യാഴാഴ്ച കോത്തല പുതുപ്പറമ്പിൽ സംസ്കാരം നടക്കും.
പിതാവ് ധർമ്മദേവൻ നായർ.
ഭാര്യ അഞ്ജന.
ഭാര്യാപിതാവ് പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ.എസ്. ജയൻ.
സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ജയചന്ദ്രൻ, സഹപ്രവർത്തകരുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായി തുടരും.














































































