പുതിയ ഉപരാഷ്ട്രപതി ബിജെപിയില്‍ നിന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. മുതിര്‍ന്ന ബിജെപി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്ന പേരുകള്‍ അഭ്യൂഹങ്ങളായിരുന്നു എന്നാണ് ഇതോടെ വ്യക്തമാക്കപ്പെടുന്നത്.
ജഗ്ദീപ് ധന്‍കറിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയായി ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ശശി തരൂര്‍ എംപി അടക്കമുള്ളവരുടെ പേരുകള്‍ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് പാര്‍ട്ടി വൃത്തങ്ങള്‍. 'പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതി'യെന്ന് ഒരു ഉന്നത ബിജെപി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇത് പതിവ് ആശയവിനിമയം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.