തിരുവനന്തപുരം: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി പൊലീസിൻ്റെ കർശന നടപടി. ഏഴ് ജില്ലകളിലായി 1041 പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളിൽ പരിശോധന നടത്തി.തിരുവന്തപുരത്ത് മാത്രം 297 പേരാണ് പിടിയിലായത്. പാലക്കാട് 137, കൊച്ചി 49, മലപ്പുറം 53, തൃശൂർ 68, കോഴിക്കോട് 147 എന്നിങ്ങനെ നീളുന്നു കരുതൽ തടങ്കലിൽ ഉള്ളവർ. അറസ്റ്റിലായവരിൽ 18 വാറണ്ട് പ്രതികളും ഉൾപ്പെടുന്നു.ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ കർശന നടപടി സ്വീകരിച്ച് ക്രമസമാധാന നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇന്നലെ മുതൽ ഓപ്പറേഷൻ ആഗ് ആരംഭിച്ചത്.
