കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശിലെ ജനജീവിതം ദുരിതത്തിൽ. മാണ്ഡി ജില്ലയിലെ തുനാഗിൽ ഹിമാചൽ സഹകരണ ബാങ്കിന്റെ കെട്ടിടം വെള്ളപ്പൊക്കത്തിൽ തകർന്നത് ജനങ്ങളുടെ ജീവിതകാല സമ്പാദ്യത്തിന് ഭീഷണിയായി. രണ്ട് നില കെട്ടിടത്തിന്റെ ഒന്നാം നില പൂർണമായും നശിച്ചു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെ എത്രത്തോളം നഷ്ടം സംഭവിച്ചുവെന്ന് വ്യക്തമല്ല. എണ്ണായിരം ജനസംഖ്യയുള്ള തുനാഗിലെ ഏക ബാങ്കാണിത്.
ബാങ്കിലെ പണവും രേഖകളും ലോക്കറുകളും എല്ലാം അവശിഷ്ടങ്ങളായെന്ന് പ്രാദേശിക വ്യാപാരി ഹരി മോഹൻ പറയുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നത് തടയാൻ നാട്ടുകാർ ബാങ്കിന് കാവൽ നിൽക്കുകയാണ്. ജൂൺ 20-ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ ഇതുവരെ 23 വെള്ളപ്പൊക്കങ്ങളും, 19 മേഘസ്ഫോടനങ്ങളും, 16 മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ഇതിൽ 50 മരണങ്ങൾ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലവും 28 എണ്ണം റോഡപകടങ്ങൾ മൂലവുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായ അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിലവിൽ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 243 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 278 വൈദ്യുതി ട്രാൻസ്ഫോർമറുകൾ തകരാറിലായി, 261 ജലവിതരണ പദ്ധതികൾ അടച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഹിമാചൽ പ്രദേശിൽ ഇന്ന് ശക്തമായ മഴ, ഇടിമിന്നൽ, മിന്നൽ, കൊടുങ്കാറ്റ് എന്നിവ പ്രവചിച്ചിട്ടുണ്ട്. ജൂലൈ 8, 9 തീയതികളിൽ കനത്ത മഴ തുടരാനും സാധ്യതയുണ്ട്. സിർമൗർ, കാൻഗ്ര, മാണ്ഡി എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും, ഷിംല, സോളൻ, ഹമീർപൂർ, ബിലാസ്പൂർ, ഉന, കുളു, ചമ്പ എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി എന്നീ നാല് ജില്ലകളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 7, 8 തീയതികളിൽ ചമോലി, ഉഖിമഠ്, ഗൻസാലി, നരേന്ദ്ര നഗർ, ധനോൾട്ടി, ദുണ്ട്, ചിനിയാലിസൗർ എന്നിവയുൾപ്പെടെ നിരവധി ഉപവിഭാഗങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രം (SEOC) എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും, ദുരന്ത നിവാരണ അതോറിറ്റികൾക്കും, പോലീസിനും, സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്കും (SDRF) ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സംവിധാനത്തിന്റെ (ഐആർഎസ്) കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും വകുപ്പുതല നോഡൽ ഓഫീസർമാരും അതീവ ജാഗ്രത പാലിക്കണം. എല്ലാ റവന്യൂ സബ് ഇൻസ്പെക്ടർമാർ, ഗ്രാമ വികാസ് അധികാരി (ഗ്രാമ വികസന ഓഫീസർ), ഗ്രാമപഞ്ചായത്ത് ഓഫീസർ എന്നിവർ അവരവരുടെ പ്രദേശങ്ങളിൽ തന്നെ തുടരണമെന്നും നിർദ്ദേശമുണ്ട്.
അവശ്യ ഉപകരണങ്ങളും വയർലെസ് സെറ്റുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് കാലയളവിൽ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര നിയന്ത്രിക്കണം. കനത്ത മഴ പെയ്യുമ്പോൾ വാഹന ഗതാഗതവും കാൽനടയാത്രയും നിർത്തിവെക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
റോഡുകളും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജെസിബി, പോക്ക്‌ലാൻഡ് മെഷീനുകൾ ഉൾപ്പെടെയുള്ള ആവശ്യമായ ഉപകരണങ്ങളും മനുഷ്യവിഭവശേഷിയും വിന്യസിക്കാനും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.