*ഇടുക്കി:* മുന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം. മൂന്നാർ സൈലന്റ് വാലിയിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടമായതെന്ന് സൈലന്റ് വാലി എസ്റ്റേറ്റിലെ തൊഴിലാളികൾ പറയുന്നു.
ഉപജീവനമാർഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് മൂന്നാർ തോട്ട മേഖലയിൽ പതിവാകുകയാണ്.
നൂറിലേറെ പശുക്കൾ പുലിയുടെയും കടുവയുടെയും അക്രമണത്തിൽ ഈ മേഖലയിൽ ചത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൈലന്റ് വാലി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടമായത് നാല് കന്നുകാലികളെയാണ്. സൈലന്റ് വാലി എസ്റ്റേറ്റിലെ രണ്ടാമത്തെ ഡിവിഷനിലെ തൊഴിലാളിയായ രാജയുടെ പശുവിനെയാണ് ഒടുവിൽ പുലി ആക്രമിച്ചത്. മേയാൻ വിട്ട പശു വൈകുന്നേരം വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്.