ചെങ്ങന്നൂര്‍: അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മ്മിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ റവന്യൂ വകുപ്പ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ വില്ലേജില്‍ നടന്നുവെന്ന് ആരോപിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് നടപടി.

പൊതുപ്രവര്‍ത്തകനായ പി.ജി. കൃഷ്ണകുമാര്‍ റവന്യൂ, പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ എല്‍.ആര്‍ തഹസീല്‍ദാര്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിയില്‍ പറയുന്നതനുസരിച്ച്, പുലിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ (പേരിശേരി) ബ്ലോക്ക് നമ്പര്‍ 9ല്‍ റീസര്‍വേ 292/2ല്‍ ഉള്‍പ്പെട്ടിട്ടുള്ള ഏകദേശം 26 ആര്‍ സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട 13.56 ആര്‍ ഉള്‍പ്പെടെ ഈ ഭൂമിയില്‍ 2,256 ക്യൂബിക് മീറ്റര്‍ മണ്ണ് നിറച്ചതായാണ് കണ്ടെത്തല്‍.

നിലം നികത്തി ഇരുനില കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. കെട്ടിടത്തിന്റെ മുന്‍വശത്ത് കുളം നിര്‍മ്മിക്കുകയും പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയും ചെയ്തതായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്ന് പുലിയൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ സിപിഎം ഭരണസമിതിയുടെയും തുടര്‍ന്നുള്ള കോണ്‍ഗ്രസ് ഭരണസമിതിയുടെയും അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നതെന്നും, നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച വന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
നിലം നികത്തലിനെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് റോഡുകളില്‍ ഗതാഗതം പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യമാണെന്നും പരാതിയുണ്ട്.
വിഷയത്തില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും പരാതി നല്‍കാനാണ് തീരുമാനം.













































































