തിരുവനന്തപുരം: ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം പറഞ്ഞു. അങ്ങനെയെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ അറിയിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബിജെപിയുടെ ചാനൽ അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
സി പി ഐ ക്ക് അനുവദിച്ച പരിപാടിയിൽ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചെന്ന് ബിനോയ് വിശ്വം വിശദീകരിച്ചു. ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. വെറ്റിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഭാഗങ്ങൾ ഒഴിവാക്കാൻ ദുരദർശൻ ആവശ്യപ്പെട്ടത്. കമ്മിറ്റി വെട്ടിമാറ്റിയ ഭാഗങ്ങൾ റെക്കോർഡ് ചെയ്യില്ലെന്ന് അറിയിച്ചു. അങ്ങനെ എങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മറുപടി നൽകിയതായി ബിനോയ് വിശ്വം പറഞ്ഞു.
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് വെട്ടി മാറ്റിയതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പൂർണ്ണമായും നിബന്ധനങ്ങൾ പാലിക്കുന്ന രീതിയിൽ തയ്യാറാക്കിയ പരിപാടിയാണ് വെട്ടിമാറ്റിയത്. പരിപാടിയുടെ ടെക്സ്റ്റ് നേരത്തെ കൊടുത്തതാണ്. ബിജെപിയുടെ കൽപ്പനപ്രകാരമാണ് വെട്ടിമാറ്റൽ. ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ല. ദൂരദർശനെയും ആകാശവാണിയെയും 'യജമാനന്‍റെ' ശബ്ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നു. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ബിനോയ് വിശ്വം വിമർശിച്ചു.













































































