ചെങ്ങന്നൂർ കിഫ്ബി ഫണ്ടിൽ നിന്നും 115 കോടി ചെലവഴിച്ച് നിർമ്മിച്ച ജില്ലാ ആശുപത്രി കെട്ടിടത്തിൻ്റെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരി മൂന്നാം വാരം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തീകരിച്ചുവെന്ന് നിർവ്വഹണ ഏജൻസിയായ വാപ്‌കോസ് അറിയിച്ചു. ബാക്കിയുള്ളവ ഈ മാസം 30ന് മുൻപ് പൂർത്തീകരിക്കും.
1943ൽ പ്രവർത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീർണ്ണാവസ്ഥയിലായതോടെയാണ് പുതിയ കെട്ടിട സമുച്ചയം നിർമാണം ആരംഭിച്ചത്.
രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട സമുച്ചയം പൂർത്തിയാകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ജില്ല ആശുപത്രിയിൽ മുന്നൂറ് കിടക്കകളാണ് തയ്യാറാകുന്നത്.
സോളാർ സംവിധാനവും സജ്ജമാക്കും. ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകളാണ് സജ്ജമാക്കുന്നത്.
എം.സി റോഡ് ഉൾപ്പെടെയുള്ള പാതകളിൽ ഉണ്ടാക്കുന്ന വാഹന അപകടങ്ങളിൽ മികച്ച ചികിത്സ ഉറപ്പുവരുത്താൻ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കും.
ജില്ല ആശുപത്രിയേയും മാതൃ ശിശു ആശുപത്രിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെയ്യുന്ന റാമ്പിന് മേൽക്കൂര ഉണ്ടാകും.
കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമ്മിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യും. ഒപ്പം വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കും. പ്രധാന ഗേറ്റുകളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കും.
ആശുപത്രി വളപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക വിശ്രമ മുറി ഉണ്ടാകും. മോർച്ചറി കെട്ടിടത്തിന്റെയും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻ്റിന്റെയും സമീപത്തുള്ള മതിൽ ജീർണ്ണാവസ്ഥയിൽ ആയതിനാൽ അടിയന്തിരമായി പൊളിച്ചു നീക്കും.
110 കെവി സബ് സ്‌റ്റേഷനിൽ നിന്നും ആശുപത്രി ആവശ്യത്തിലേക്കു മാത്രമായി പ്രത്യേക വൈദ്യുതി കേബിൾ, ട്രാൻസ്ഫോർമർ എന്നിവ സ്ഥാപിക്കുന്നതിന് 79 ലക്ഷം രൂപ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിക്കും.
പ്രത്യേക മുറി സജ്ജമാകുന്ന മുറയ്ക്ക് ഡീസൽ ജനറേറ്ററുകൾ പ്രവർത്തന ക്ഷമമാകും. സോളാർ പാനലുകളും സ്ഥാപിക്കും. വിപുലമായ സൗകര്യങ്ങളോടു കൂടിയ ഭക്ഷണശാല നിർമ്മിക്കുന്നതിന് നിലവിലുള്ള എംസിഎച്ച് ബ്ലോക്കിന്റെ പാർക്കിങ് സ്ഥലത്ത് സ്ഥലം കണ്ടെത്താൻ നിർദ്ദേശം നൽകി.
പുതിയ കെട്ടിടത്തിൽ ഇ ഹെൽത്ത് സംവിധാനം ആരംഭിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. അഗ്‌നിശമന സേനയുടെ എൻഒസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പരിശോധന അടുത്ത ദിവസം ഉണ്ടാകും.
സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിക്കുന്ന സ്ഥലത്തു നിന്നും എടുത്തു മാറ്റുന്ന മണ്ണ് ജില്ലാ സ്റ്റേഡിയം നിർമ്മാണത്തിന് ഉപയോഗിക്കും. ആശുപത്രി ഉപകരണങ്ങളിൽ പ്രധാനപ്പെട്ട 42 തരം ഉപകരണങ്ങൾക്ക് ഓർഡർ നൽകിയതായി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.















































































