കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്‍റെ പേരിലും പിശകുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഒഴിവാവുകയായിരുന്നു. ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകള്‍ അരങ്ങേറുകയും ചെയ്തു. എന്നാല്‍ എന്നാല്‍ പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നാണ് സൂചന.
ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചുവെന്നാണ് സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ല. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചതായും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് വിശദമായ പരിശോധന നടത്താനാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്താനും രേഖകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ഇതിന് പിന്നാലെ മാത്രമെ പ്രതികരിക്കാന്‍ കഴിയു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ വി എസ് പ്രശാന്ത് പോലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറാകുന്നില്ല.













































































