ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെയാണ് റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും പ്രത്യേകം പുറപ്പെടുവിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ ഒപ്പിട്ട ഉത്തരവിൽ പറഞ്ഞു.
ഇന്നാണ് റിക്കി രാധൻ പണ്ഡിറ്റിനെ ഒഎസ്ഡി ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വിജയുടെ പേഴ്സണൽ ജ്യോതിഷിയാണ് രാധൻ പണ്ഡിറ്റ്. 2026-ലെ തെരഞ്ഞെടുപ്പിൽ വിജയ്ക്കും ടിവികെക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
വിജയത്തിന് പിന്നാലെ റിക്കി രാധൻ പണ്ഡിറ്റ് വീട്ടിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പ് ടിവികെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രാധൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ജ്യോതിഷവും രാഷ്ട്രീയവും ഇടകലർത്തിയുള്ള രാധൻ പണ്ഡിറ്റിന്‍റെ പ്രസ്താവനകളും പ്രവചനങ്ങളും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
വേദ ജ്യോതിഷം, സംഖ്യാശാസ്ത്രം, ധ്യാനം അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശം എന്നിവയിൽ ഏകദേശം നാല് പതിറ്റാണ്ടിന്റെ പരിചയമുള്ള രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇന്ത്യയിലെ സെലിബ്രിറ്റി ജ്യോതിഷിയാണ്. ബിജെപി, കോൺഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ എന്നിങ്ങനെ നിരവധി ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഭാവി പ്രവചിച്ചിട്ടുള്ള രാധൻ പണ്ഡിറ്റിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായും അടുത്ത ബന്ധമുണ്ടായിരുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പണ്ഡിറ്റ് വെട്രിവേൽ എന്നറിയപ്പെട്ടിരുന്ന ജ്യോതിഷി 2008ൽ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ പേര് രാധൻ പണ്ഡിറ്റ് എന്ന് മാറ്റുന്നത്. വിജയ് രാഷ്ട്രീയത്തിലേക്കെത്തും മുമ്പ് തന്നെ പണ്ഡിറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ രാഷ്ട്രീയ വിജയം രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയുടെ ജാതകം അസാധാരണമായ "സുനാമി പോലുള്ള" ശക്തിയുള്ളതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.













































































