കൊച്ചി: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അദ്ദേഹം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തി.
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (Special Intensive Revision) സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അർഹതയുള്ള ഒരാളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകില്ലെന്നും, പ്രക്രിയ പൂര്‍ണമായും സുതാര്യമായ രീതിയിലാണ് നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ടർ പട്ടികയിൽ സംബന്ധിച്ചുള്ള പരാതികൾ ഉന്നയിക്കാൻ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി നിയമനടപടികൾ അനുസരിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകുമെന്നും, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.













































































