കോട്ടയം : സംസ്ഥാനത്ത് അനുദിനം വർദ്ധിക്കുന്ന തെരുവുനായ ആക്രമണത്തിൽ, ഈ വർഷം ജൂലായ് വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ 14,574 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കൂടുതൽ പേർ ചികിത്സ തേടിയത്. 5966 പേർ. ഏറ്റവും കുറവ് വെള്ളൂർ പിഎച്ച്സിയിലാണ്. മൂന്ന് പേർ. ജില്ലാ ജനറൽ ആശുപത്രിയിൽ 1763 പേരും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 148 പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 1269 പേരുമാണ് ചികിത്സ തേടിയത്. പാല: 971, കുറവിലങ്ങാട് : 566, സിഎച്ച്സി എരുമേലി : 287, തലയോലപ്പറമ്പ് : 261, ഇടയിരിക്കപ്പുഴ: 231, സചിവോത്തമപുരം : 198, കുമരകം: 195, ഉഴവൂർ: 187, ഉള്ളനാട്: 118, കൂടല്ലൂർ: 115, പൈക: 107, രാമപുരം : 96, തോട്ടയ്ക്കാട് : 88, കൂട്ടിയ്ക്കൽ: 19, എഫ്എച്ച്സി മുണ്ടക്കയം: 187, പാറമ്പുഴ :139, കടപ്ലാമറ്റം : 24, പിഎച്ച്സി അതിരമ്പുഴ :173, വാകത്താനം: 86, മരങ്ങാട്ടുപള്ളി :39 എന്നിങ്ങനെയാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ കടിയേറ്റവരുടെ എണ്ണം ഇതിലും വളരെ മുകളിലാണ്. ഈ കാലയളവിൽ ജില്ലയിൽ പേവിഷബാധയേറ്റ് ആസാം സ്വദേശിയായ ബറുവ എന്ന യുവാവ് മരിക്കുകയും ചെയ്തു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നത്. വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് നിത്യസംഭവമായി. പാമ്പാടി, കടുത്തുരുത്തി മേഖലയിൽ തെരുവ് നായയുടെ കടിയേറ്റ് പോത്ത്, ആട് എന്നിവയും ചത്തിരുന്നു. ആൾപാർപ്പില്ലാത്ത സ്ഥലം, ബസ് സ്റ്റാൻഡ് പരിസരം,
ഇടറോഡുകൾ തുടങ്ങിയ ഇടങ്ങളെല്ലാം നായകളുടെ വിഹാരകേന്ദ്രമാണ്. പ്രഭാതസവാരിയ്ക്ക് ഇറങ്ങുന്നവരുടെയും ജോലിയ്ക്കായി പോകുന്നവരുടെയും പിന്നാലെ നായകൾ ഓടുന്നതും പതിവാണ്നിരത്തിലേയ്ക്ക് ഇറങ്ങുന്നവർ ഏത് നിമിഷവും നായയുടെ കടിയേൽക്കുമെന്ന ഭീതിയിലാണ്.













































































