കാഠ്മണ്ഡു: 5 ഇന്ത്യക്കാരടക്കം 72 പേരുമായി യതി എയർലൈൻസിൻ്റെ കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന യാത്രാവിമാനം നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് 10 സെക്കൻഡ് മുമ്പാണ് തകർന്നുവീണത്. 14 വിദേശ പൗരന്മാരും 4 ജീവനക്കാരുമടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി.അപകട സ്ഥലത്ത് നിന്ന് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് നേപ്പാൾ ആർമി വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു.
