കോട്ടയം: പാലായിൽ പെൺകുട്ടിയെ കാറിടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. അപകടത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡിൽ സ്നേഹയെ കാറിടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപാസിനോട് ചേർന്നുള്ള ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർഭാഗത്ത് നിന്ന് വന്ന കാർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്തുവീണെങ്കിലും വാഹനം നിർത്താതെ പോയി. പെൺകുട്ടിയെ ആദ്യം പാലായിലെ ജനറൽ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കൾ എത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബന്ധുക്കൾ നേരിട്ടാണ് പരാതി നൽകിയത്. ഇന്നലെ തന്നെ പൊലീസ് കേസെടുത്തെങ്കിലും ഇടിച്ച കാർ കണ്ടെത്താനായില്ല.