വയനാട്: വയനാട്ടില്‍ സ്വാഭാവിക വനഭൂമി വെട്ടിമാറ്റി തേക്ക്പ്ലാന്റേഷനാക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. മാനന്തവാടിയാണ് 39 ഹെക്ടറോളം വനഭൂമിയില്‍ തേക്ക് നടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമാണ് ഈ ഭൂമി. ഇവിടെയുള്ള സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
1958ലാണ് ബേഗൂര്‍ റേഞ്ചിന് കീഴിലെ 97 ഏക്കറോളം വനഭൂമിയില്‍ വനംവകുപ്പ് തേക്ക് അടക്കമുള്ള ആയിരക്കണക്കിന് മരങ്ങള്‍ വാണിജ്യാവശ്യത്തിനായി നട്ടുപിടിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പുതുതായി നട്ട മരങ്ങളേക്കാള്‍ വനത്തിലെ സ്വാഭാവിക മരങ്ങള്‍ വളര്‍ന്നു. പ്ലാന്റേഷന്‍ ആരംഭിച്ചപ്പോള്‍ വറ്റിയ നീരുറവകളടക്കം വൈകാതെ പഴയതുപോലെ ഒഴുകിത്തുടങ്ങുകയും വനം ജൈവ സമ്പന്നമാവുകയും ചെയ്തു. എന്നാല്‍ തേക്ക് മരങ്ങള്‍ നട്ടിട്ട് 60 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ വനത്തിലെ പഴയ തേക്കെല്ലാം മുറിച്ച് പുതിയ തൈകള്‍ നടാനാണ് തീരുമാനം. വനം വകുപ്പിന്റെ കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫിന്റെ നിര്‍ദേശപ്രകാരമാണിത്. വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് സ്വാഭാവിക വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം വനംവകുപ്പിന്റെ പ്ലാന്റേഷന്‍ അനുകൂല നടപടിക്കെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാഭാവിക വനം വെട്ടിമാറ്റരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്ര -. സംസ്ഥാന വനം വകുപ്പു മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയടക്കം ഉള്‍പ്പെടുത്തി വലിയ രീതിയിലുളള പ്രക്ഷോഭങ്ങള്‍ നടത്താനാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ തീരുമാനം.












































































