കൊട്ടിയൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. കർണാടക വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന മലവെള്ളം കുത്തിയൊലിച്ചു ബാവലി പുഴയില്‍ ജലനിരപ്പ് ഉയർന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. വളപട്ടണം പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
യാതൊരു കാരണവശാലും പുഴയില്‍ ഇറങ്ങുവാനോ കുളിക്കുവാനോ ചെറുതോണികള്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുവാനോ പാടുള്ളതല്ല. ബോട്ടുജെട്ടിയിലെത്തുന്ന യാത്രക്കാരും ജാഗ്രത പാലിക്കണം. ഇതിനിടെ കനത്ത മഴയില്‍ കൊട്ടിയൂരില്‍ കിണർ ഇടിഞ്ഞു താഴ്ന്നു. കൊട്ടിയൂർ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാല സുനിലിന്റെ കിണറാണ് കനത്ത മഴയില്‍ ഇന്ന് രാവിലെ ഇടിഞ്ഞു താഴ്ന്നത്. കനത്ത മഴ തുടരുന്നത് കാരണം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.