കോട്ടയം : മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
തിരുവഞ്ചൂർ പറമ്പുര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ജെബിൻ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ മണർകാട് നാലു മണിക്കാറ്റ് റോഡിലായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേയ്ക്കു ലോഡുമായി പോകുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറിയിൽ ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ജെബിനെ ഉടൻ തന്നെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മണർകാട് ഐരാറ്റുനടയ്ക്ക് സമീപം സ്വകാര്യ ബസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയുണ്ടായ അപകടത്തിലും യുവാവിന് ജീവൻ നഷ്ടപ്പെടുന്നത്.