പുറമേരി സ്വദേശിനി വിദ്യാർത്ഥിനിയുടെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യവെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വിദ്യാർത്ഥിനിയുടെ ആറ് പല്ലുകള്‍ക്ക് ഇളക്കം തട്ടിയിരുന്നു. ഇതില്‍ രണ്ടെണ്ണം സംഭവദിവസം തന്നെ കൊഴിഞ്ഞുപോയിരുന്നു. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) റെയില്‍വേ പൊലീസും സംയുക്തമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആർപിഎഫ്, റെയില്‍വേ പോലീസ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് - പാലക്കാട് സെക്ഷനില്‍ ഇത്തരം അക്രമങ്ങള്‍ വർധിച്ചു വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.













































































