എസ്‌എഫ്‌ഐസംഘടിപ്പിച്ച എസ്‌പി ഓഫീസ് മാർച്ച് കണക്കിലെടുത്ത് കോട്ടയം നഗരത്തിൽ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഉച്ചവരെ നഗരമൊട്ടാകെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റി യിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി കോട്ടയം എസ്‌പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. രാവിലെ 11 മണിയോടെ മാർച്ച് എസ്‌പി ഓഫീസിലെത്തുമെന്നായിരുന്നു അറിയിപ്പ്.
ഇതിനായി രാവിലെ 10.30ഓടെ തന്നെ പോലീസ് കെ.കെ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായും നിയന്ത്രിക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. എന്നാൽ പഠന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ ജില്ലയിൽ തിരിച്ചെത്താത്തതിനാൽ മാർച്ച് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായി.
മാർച്ച് വൈകിയതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ ജനങ്ങളും ഓഫീസ് ജീവനക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി വലഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിലാകെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതായും യാത്രക്കാർ പരാതിപ്പെട്ടു.
ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ എത്തിയതിനെ തുടർന്ന് വൈകിട്ട് 3 മണിയോടെയാണ് എസ്‌എഫ്‌ഐയുടെ എസ്‌പി ഓഫീസ് മാർച്ച് നടന്നത്.











































































