മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി ഭംഗിയാർന്ന സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സിനിമാതാരങ്ങളായ മമ്മൂട്ടി കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് കൂടുതൽ ശ്രദ്ധ നേടി.
ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച മമ്മൂട്ടി, "മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്, പക്ഷേ യഥാർത്ഥത്തിൽ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആവുക അത്ര എളുപ്പമല്ല എന്നും പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് മമ്മൂട്ടി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
കുഞ്ചാക്കോ ബോബൻ ആശംസ നേർന്ന് സംസാരിക്കവെ, "കൊച്ചിക്കാരോടൊപ്പം മുഴുവൻ മലയാളികളും ഇന്ന് സന്തോഷത്തിലാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമായിരിക്കട്ടെ ഈ സർക്കാരിന്റെ മുഖമുദ്ര" എന്ന് പറഞ്ഞു. പുതിയ സർക്കാരിന് ജനപിന്തുണയോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ സംസാരിച്ച രമേശ് പിഷാരടി എം.എൽ.എ, ജനങ്ങളുടെ വലിയ പിന്തുണയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിച്ചതെന്ന് പറഞ്ഞു. "കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. വിജയത്തിന് പിന്നിൽ നിന്ന എല്ലാവർക്കും നന്ദിയുണ്ട്" എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളിലൊന്നാണ് ഇതെന്നും അധികാരത്തിന്റെ പത്രാസിൽ വീണ് പോകരുതെന്ന വലിയ ഉത്തരവാദിത്വം തനിക്കുണ്ടെന്നും പറഞ്ഞു.
"ഇത് ഒരു ദൈവീക നിയോഗമാണ്. കേരളത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. എന്നാൽ ഒരാൾക്ക് മാത്രം ഒന്നും ചെയ്യാൻ കഴിയില്ല. ടീം ആയി മുന്നോട്ട് പോകണം," എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണെന്നും സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "ബഹുനില കെട്ടിടങ്ങൾ ഉയരുന്നതല്ല വികസനം. ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. "കേരളം സെക്കുലർ ആയി നിലനിൽക്കണം. ആരും വർഗീയത പറയരുത്," എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മാതൃകയായ നഗരമായി കൊച്ചി മാറണമെന്നും അതിനായി സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിനിമ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ ജനപങ്കാളിത്തത്തോടെയാണ് സ്വീകരണച്ചടങ്ങ് നടന്നത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സാമൂഹിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.











































































