പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും പ്രചാരണങ്ങൾക്കും ശക്തമായ മറുപടിയുമായി സിപിഐ(എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി വീണ ജോർജ് പൊട്ടിത്തെറിച്ചു. മത്സരിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചതായും, തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
എന്നാൽ ജില്ലാ നേതൃത്വം ആ ആവശ്യം അംഗീകരിച്ചില്ലെന്നും, "സ്ഥാനാർത്ഥിയാക്കാൻ മറ്റാരുമില്ല" എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു. മണ്ഡലം സെക്രട്ടറി ഓമല്ലൂർ ശങ്കരൻ സ്വയം സ്ഥാനം ഒഴിഞ്ഞ സാഹചര്യവും അവർ ചൂണ്ടിക്കാട്ടി.
തനിക്ക് താല്പര്യമില്ലാത്തതിനാലാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും വീണ ജോർജ് വിമർശിച്ചു. സംഭവവിവരങ്ങൾ എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ യോഗത്തിൽ വ്യക്തമാക്കി.
യോഗത്തിനിടെ, വീണ ജോർജ് നെ ചില നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന വിമർശനവും ഉയർന്നതായി സൂചന. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അവർ അറിയിച്ചു.













































































