വയനാട്: വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചു. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ മർദിച്ചത്. സംഭവത്തിൽ വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനത്തിൽ ഷയാസിന്റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു. മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് മർദിച്ചതെന്ന് ഷയാസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് സയൻസ് വിഭാഗത്തിൽ ഷയാസ് പ്രവേശനം നേടിയത്.
ആദ്യ ദിവസം താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസിൽ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദിച്ചതെന്ന് ഷയാസ് പറഞ്ഞു.