ഇടുക്കി: നെടുങ്കണ്ടത്ത് ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം, കടുത്ത പനി എന്നിവയെ തുടർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. നെടുങ്കണ്ടം 'ക്യാമൽ റസ്റ്റോ' എന്ന സ്ഥാപനത്തിനത്തിൽ നിന്നാണ് ഇവർ ഷവർമ വാങ്ങിയത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്.















































































