എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറ് പ്ലാറ്റ് ഫോമുകൾ ഉള്ള കോട്ടയം റയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രയിനുകൾ ആരംഭിക്കണമെന്നും, ഇപ്പോൾ എറണാകുളം വരെ സർവ്വീസ് നടത്തുന്ന ട്രയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റയിൽവേ മന്ത്രിയോട് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.
എറണാകുളം ബാഗ്ലൂരു ഇൻ്റർസിറ്റി, കാരക്കൽ എറണാകുളം, ലോകമാന്യ തിലക് എറണാകുളം, മദ്ഗാവ് എറണാകുളം, പൂണൈ എറണാകുളം, കണ്ണൂർ എറണാകുളം എന്നീ എക്സ്പ്രസ് ട്രയിനുകൾ കോട്ടയം വരെ നീട്ടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ആരംഭിച്ച കൊല്ലം എറണാകുളം മെമ്മു ട്രയിൻ ഇപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസില്ല. ഇത് ആഴ്ചയിൽ എല്ലാ ദിവസവും ആക്കണം. ഈ ട്രയിൻ കാഞ്ഞിരമറ്റം, ചിങ്ങവനം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണം.
എറണാകുളം കായംകുളം മെമ്മു പാസഞ്ചർ ട്രയിൻ ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനിലും,
വഞ്ചിനാട്, മലബാർ എക്സ്പ്രസ് ട്രയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ സ്റ്റേഷനുകളിൽ നടപ്പാക്കേണ്ട വിവിധ വികസന ആവശ്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.















































































