വടക്കേ ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒരു സ്ട്രീറ്റ് ഫുഡാണ് ആലു ടിക്കി ചാട്ട്. ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് - 6 എണ്ണം
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍
ചാട്ട് മസാല -1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
ആംചൂർ - 1 ടീസ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്
പച്ചമുളക് - 4 എണ്ണം
അവിൽപൊടിച്ചത് - 1/4 കപ്പ്
റിഫൈൻഡ് ഓയിൽ - 5 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. എന്നിട്ട് തൊലി കളഞ്ഞ് ഉടച്ചെടുത്ത് ഉപ്പും മറ്റെല്ലാ പൊടികളും മല്ലിയില, പുതിനയില, പച്ചമുളക് ചെറുതായി മുറിച്ചതും ചേർത്ത് നന്നായി കുഴക്കുക. അതിനുശേഷം അവിൽപൊടിച്ചത് ചേർത്ത് കുഴക്കുക. ശേഷം മീഡിയം സൈസ് ഉരുളകളാക്കി കൈയിൽ എണ്ണ തൊട്ട് ടിക്കി ഷേപ്പിൽ ആക്കി വയ്ക്കുക. ഇനി നോൺസ്റ്റിക്ക് തവയിൽ മൂന്ന് ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ നാലോ അഞ്ചോ ടിക്കികൾ വീതം വച്ച് തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.
ചാട്ടിന് വേണ്ട ചേരുവകൾ
തൈര്
ഗ്രീൻ ചട്നി
ഓമപ്പൊടി (സേവ്)
ഉള്ളി
പച്ചമുളക്
ഒരു പിടി മല്ലിയില, അതിന്റെ പകുതി പുതിനയില, നാലഞ്ച് പച്ചമുളകും രണ്ടല്ലി വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്ത് മയത്തിൽ അരച്ചെടുക്കുക. ഇനി പാത്രത്തിലാക്കി തൈര് ചേർത്ത് മിക്സ് ചെയ്യുക. ഇതോടെ ഗ്രീൻ ചട്നി തയ്യാർ. ഇനി ഒരു പ്ലേറ്റിൽ മൂന്നോ നാലോ ടിക്കി അടുക്കി വച്ച് ഗ്രീൻ ചട്നി ഒഴിക്കുക, പിന്നെ തൈര് ഒഴക്കുക. അതിനു മുകളിൽ ഉള്ളി, പച്ചമുളക്, ഓമപ്പൊടി എന്നിവ കൊണ്ട് അലങ്കരിച്ചു സെർവ് ചെയ്യാം.