തിരുവനന്തപുരം∙ സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്തും തമിഴ്‌നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.












































































