ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും. ഷട്ടറുകൾ തുറന്നു ഒഴുക്ക് ഉണ്ടാകുന്നതോടെ മലിനമായ തോടുകളിൽ തെളിനീരൊഴുകും. വേലിയേറ്റവും വേലിയിറക്കവും വഴി തോടുകൾക്ക് പുതുജീവനാകും. വേമ്പനാട്ട് കായലിലെ മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യത കൂടുമെന്നതും പ്രതീക്ഷയ്ക്കു വക നൽകുന്നു. നാല് മാസക്കാലമായി ഒഴുക്കില്ലാതെ തോടുകളും കായലും നിശ്ചലമായി കിടക്കുകയായിരുന്നു. അവിടേക്കു മാലിന്യം കൂടി എത്തിയതോടെ ജലമലിനീകരണം രൂക്ഷമാകുകയും ചെയ്തു. തോടുകളിലെ വെള്ളം കറുത്തു ഇരുണ്ട നിലയിലായിരുന്നു. ദുർഗന്ധം പരത്താനും തുടങ്ങിയിരുന്നു. തീരവാസികൾ പകർച്ചരോഗഭീതിയിലുമായിരുന്നു.
കുട്ടനാട്ടിലെ നെൽക്കൃഷിയെ ഉപ്പ് വെള്ളത്തിൽ നിന്നു രക്ഷിക്കുന്നതിനായി ഷട്ടറുകൾ എല്ലാ വർഷവും ഡിസംബറിൽ അടച്ച് ഏപ്രിൽ തുറക്കുകയാണ് പതിവ്. മാർച്ച് 15ന് തുറക്കണമെന്നാണു സർക്കാരിന്റെ നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. അതാണു ജലമലിനീകരണം രൂക്ഷമാകാൻ കാരണം. കായലോര മേഖലയിലുള്ളവർ കായലിലെയും സമീപത്തെ തോടുകളിലെയും വെള്ളമാണ് കുടിക്കാനും പാചകത്തിനും ഒഴിച്ചുള്ള ആവശ്യങ്ങൾക്കു ഉപയോഗിച്ചിരുന്നത്.മാസങ്ങളായി വെള്ളം ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ ദുരിതക്കയത്തിലായിരുന്നു ഇവിടത്തെ ജനം. വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലായി. ഷട്ടറുകൾ അടച്ചതോടെ മത്സ്യത്തൊഴിലാളികൾക്കു മീൻ ലഭ്യത കുറഞ്ഞിരുന്നു. ഒഴുക്ക് നിലച്ച ജലാശയങ്ങളിൽ മീനുകൾ ദൂരെ സ്ഥലങ്ങളിലേക്കു പോകാതെ നിന്നു. മത്സ്യത്തിന്റെ ഉൽപാദനവും കുറഞ്ഞതോടെ കായലിൽ നിന്നുള്ള മത്സ്യ ലഭ്യത തീരെ കുറഞ്ഞിരുന്നു. പേരിനു മാത്രം കരിമീൻ കിട്ടിയിരുന്നത് കൊണ്ടു തൊഴിലാളികൾ പട്ടിണിയില്ലാതെ കഴിഞ്ഞു പോന്നു. ഇടയ്ക്ക് ചില സമയങ്ങളിൽമീൻകിട്ടിരുന്നെങ്കിലും തുടർന്നു കിട്ടിയില്ല. ഷട്ടറുകൾ തുറക്കുന്നതോടെ മത്സ്യമേഖല ഉഷാറാകും. ഒഴുക്കിൽ നീന്തി ദൂരസ്ഥലങ്ങളിലേക്കു മത്സ്യം നീങ്ങിത്തുടങ്ങും. ഈ സമയം കായലിന്റെ ഏത് ഭാഗത്ത് വല ഇട്ടാലും മീൻ കിട്ടും.
ഉപ്പുവെള്ളം എത്തുന്നതോടെ തോടുകളിലെ കൃമികളും മറ്റും നശിക്കും. ഉപ്പ് വെള്ളം ഇടത്തോടുകളിൽ എത്തുന്നത് തെങ്ങിനും ഗുണകരമാകും. തോട്ടിലെ പോളകൾ ചീഞ്ഞു പോകുന്നതോടെ ജലയാത്ര സുഗമമാകും. ഒഴുക്കിൽ കുറെ പോളകൾ ഒഴുകി മാറുകയും ചെയ്യും.












































































