തിരു.: മഴക്കെടുതിയിൽ ഇന്നലെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നു. 5,168 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണ്ണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണ്ണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്നലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളും ആണ് അതിശക്തമായ മഴ, ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചിരുന്നു.
അണക്കെട്ടുകളിൽ ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നിവയിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാർ (അരുവിപ്പുറം), മണിമല (കല്ലൂപ്പാറ), കരമന (വെള്ളക്കടവ്), ഗായത്രി (കൊണ്ടാഴി), മണിമല (പുല്ലകയർ) അച്ചൻകോവിൽ (തുമ്പമൺ), തൊടുപുഴ (മണക്കാട്), മീനച്ചിൽ (കിടങ്ങൂർ), പമ്പ (മാടമൺ) എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിൽ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കോട്ടയം, കാസറഗോഡ് എന്നീ ജില്ലകളിലും തൃശൂർ ജില്ലയിൽ രണ്ടു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.