കാസർകോട് തലക്ലായിലെ അഞ്ചുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. അഞ്ചുശ്രീയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അഞ്ചുശ്രീയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. അഞ്ചുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. അഞ്ചുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും, ഇത് കരളിൻറെ പ്രവർത്തനത്തെ ബാധിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസ്. കാസർകോട്ടെ ഹോട്ടലിൽ നിന്ന് കഴിഞ്ഞദിവസം ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിനുശേഷം ആണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. ആദ്യം ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന സൂചനകൾ പുറത്തുവരികയായിരുന്നു.
