കോട്ടയം : ഒമ്പതാമത് തവണയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്.
ചങ്ങനാശേരി കാവാലം സ്വദേശിയും, കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിഷണലിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യൻ (ജോമോൻ 39) നാണ് ഹൃദയം മാറ്റിവച്ചത്.
അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ച സുരേഷ് (37) എന്ന യുവാവിന്റെ ഹൃദയമാണ് ഫാ.ജോസഫിന് നൽകിയത്..
രണ്ടു വർഷമായി ഫാ ജോസഫ് കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഞായറാഴ്ച്ച രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ച ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള ദാതാവിന്റെ ഹൃദയം ലഭ്യമാണെന്ന വിവരത്തിലാണ് തിങ്കളാഴ്പുലർച്ചെ 2.30 ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. സുരേഷിന്റെ ഹൃദയം വേർപെടുത്തിയ ശേഷം ഉച്ച കഴിഞ്ഞ് 2.35 ന് തിരുവനന്തപുരത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട സംഘം വൈകിട്ട് 4.47 ന് ഹൃദയവുമായുള്ള ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലെത്തി.
ഈ സമയം തന്നെ ഫാ. ജോസഫിന്റെ ശരീരത്തിൽ ഹൃദയം വച്ച് പിടിപ്പിക്കുന്നതിനുള്ള ക്രമീകരണം ഇവിടെയും പൂർത്തികരിച്ചിരുന്നു.
ഹാർട്ട് ഓഫ് കോട്ടയം എന്ന ആംബുലൻസ് ഡ്രൈവർ ബിനോയാണ് ആംബുലൻസ് ഓടിച്ചിരിന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ് ഇന്നലെ രാത്രി നടന്നത്.