ആലപ്പുഴ: കടലില്‍ വള്ളം നങ്കൂരമിട്ടതിനു ശേഷം നീന്തി കരയിലേക്ക് വരുന്നതിനിടെ ചളിയില്‍ താഴ്ന്ന് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15 വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ പരേതനായ മുരളിയുടെ മകന്‍ സജികുമാര്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ പുറക്കാട് പടിഞ്ഞാറായിരുന്നു അപകടം. സജിമോന്‍റെയും സഹോദരന്‍ വിജിമോന്‍റെയും ഉടമസ്ഥതയിലുള്ള ശ്രീമുരുകന്‍ വള്ളം കടലില്‍ നങ്കൂരമിട്ട് കരയിലേക്ക് നീന്തുന്നതിനിടെ ചെളിയില്‍ താഴുകയായിരുന്നു. കരയിൽ ഉണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയതിനു ശേഷമാണ് സജികുമാറിനെ കണ്ടെത്താനായത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ പരേതയായ ചെമ്പകക്കുട്ടി. ഭാര്യ സീമ. മക്കള്‍ സൗമ്യ, ദേവിക.
