ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് നിർണായക വിവരങ്ങൾ ലഭിച്ചു. ഒരു മുറിയിൽ നിന്ന് മാത്രം 80 വോട്ടർമാർ എന്നായിരുന്നു രാഹുൽ ഉയർത്തിയ ആരോപണം. മഹാദേവപുരയിലെ മുനി റെഡ്ഡി ഗാർഡനിലെ ലൈൻ മുറികളിലാണ് രാഹുൽ ആരോപിച്ച ഈ ക്രമക്കേട് നടന്നിരിക്കുന്നത്. 40 ലൈൻ മുറികളുള്ള ഇവിടുത്തെ 35-ാമത്തെ നമ്പർ മുറിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. നിലവിൽ 35-ാം നമ്പർ മുറിയിൽ രണ്ട് പേര് മാത്രമാണ് താമസം. നിരവധിയാളുകൾ ഇടയ്ക്കിടെ മുറികളിൽ മാറിത്താമസിക്കാറുണ്ട് എന്നാണ് കെട്ടിട ഉടമ പറയുന്നത്. എങ്കിലും രണ്ടോ മൂന്നോ പേർക്ക് മാത്രം കഷ്ടിച്ച് താമസിക്കാവുന്ന ഈ മുറിയിൽ നിന്ന് എങ്ങനെ 80 പേർ വോട്ടർ പട്ടികയിൽ വന്നു എന്നതിൽ വ്യക്തതയില്ല. നേരത്തെ താമസിച്ചിരുന്നവരുടെ പേരുകളായിരിക്കാം ഈ കെട്ടിട നമ്പറിൽ ഉണ്ടായിരുന്നിരിക്കുക എന്നാണ് കെട്ടിടം നോക്കിനടത്താൻ ചുമതലപ്പെട്ടയാൾ പറയുന്നത്. രാഹുൽ ഉന്നയിച്ച ക്രമക്കേടുകളെ സാധൂകരിക്കുന്നതാണ് ലഭിച്ച വിവരങ്ങൾ.
മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വലിയ ക്രമക്കേട് നടന്നുവെന്നാണ് രാഹുൽ ആരോപിച്ചത്. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍ ഇവിടെയുണ്ട് എന്നതായിരുന്നു രാഹുലിന്റെ ആരോപണം. നാല് ബൂത്തുകളിൽ വരെ വോട്ടുള്ള വോട്ടർമാർ, പല സംസ്ഥാനങ്ങളിൽ വോട്ടുള്ളവർ, വ്യാജ വിലാസമുള്ള നിരവധി പേർ, ഫോട്ടോകളില്ലാത്ത വോട്ടർമാർ, പുതിയ വോട്ടർമാർക്കുള്ള ഫോം 6 ദുരുപയോഗം ചെയ്തവർ എന്നിങ്ങനെ നിരവധി ആരോപണങ്ങളും രാഹുൽ ഉയർത്തിയിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് കത്തയച്ചിരുന്നു. പേരുകള്‍ സഹിതം തെളിവ് നല്‍കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നുമാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിനോട് ആവശ്യപ്പെട്ടത്. താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നുമായിരുന്നു കത്തിന് രാഹുല്‍ ഗാന്ധി നൽകിയ മറുപടി.