മലയോരത്തിന്റെ വികസനകുതിപ്പിന് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഓഗസ്റ്റ് 31-ന് തുടക്കം കുറിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ദൂരം ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന നാലുവരി തുരങ്കപാതയുടെ നിര്‍മാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂണ്‍ 18 ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകള്‍ കടന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തിയിലേക്കെത്തുന്നത്.
പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍ദിഷ്ട പദ്ധതി. വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായാണ് (എസ് എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പന്‍പുഴ- ആനക്കാംപൊയില്‍ റോഡുമായാണ് കോഴിക്കോട് ജില്ലയില്‍ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയില്‍ നിന്നും പത്ത് കിലോ മീറ്റര്‍ മാത്രമാണ് ദൂരം.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ വികസനത്തിനായുള്ള കേരള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് തുരങ്കപാത നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ കുറഞ്ഞ വാഹന പ്രവര്‍ത്തനച്ചെലവില്‍ സുരക്ഷതമായി യാത്ര ചെയ്യാം. കോഴിക്കോട്ടെ മികച്ച സര്‍ക്കാര്‍ഇതര ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരാണ് വയനാട് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന വയനാടന്‍ ജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യവും നിറവേറും. കോഴിക്കോട്, വയനാട് ജില്ലകള്‍ക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയും വര്‍ദ്ധിക്കും. പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ നിര്‍മ്മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാധ്യതകളും വര്‍ദ്ധിക്കും. തുരങ്കപാത വരുന്നത്തോടെ കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാവും.