ഐസിസി ഏകദിന റാങ്കിങ്ങിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെ വലിയ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശർമയും അപ്രതിക്ഷ്യമായി. ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ ആദ്യ അഞ്ച് റാങ്കിങ്ങിലുണ്ട്. പാകിസ്ഥാൻ താരം ബാബർ അസമിനെ മറികടന്ന് കഴിഞ്ഞ ആഴ്ച്ചയാണ് രോഹിത് ശർമ രണ്ടാം സ്ഥാനത്തെത്തിയത്. 736 പോയിന്റുമായി വിരാട് നാലാം സ്ഥാനത്താണ്. ഏകദിനത്തിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടെസ്റ്റ് ടീം നായകനുമായ ശുഭ്മാൻ ഗില്ലാണ് ഒന്നാം സ്ഥാനത്തുള്ള ബാറ്റർ.
ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും അവസാനമായി ഏകദിനത്തിൽ കളിച്ചത്. ഇന്ത്യ നേടിയ ടൂർണമെന്റിൽ മികച്ച പ്രകടനമായിരുന്നു കോഹ്ലി നടത്തിയത്. ഫൈനലിൽ രോഹിത്തും അദ്ദേഹത്തിന്റെ മികവ് പുലർത്തി. നിലവിൽ പുറത്തുവിട്ട റാങ്കിങ്ങിൽ വിരാടും രോഹിത്തും ഇല്ലാത്തതിനാൽ ബാബർ അസം രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ശുഭ്മാൻ ഗില്ലും, ശ്രേയസ് അയ്യരും മാത്രമാണ് നിലവിൽ വന്നിരിക്കുന്ന റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ.