തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ - മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഈ സഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശക്തമായ മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ചിലയിടങ്ങളില്‍ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു. മലയോര മേഖലയിൽ ഉൾപ്പെടെ ജാഗ്രത തുടരുകയാണ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഇലന്തൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തിരുവനന്തപുരം ഉള്ളൂർ ആക്കുളം റോഡിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. തലസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഉന്നതതലയോഗം ചേര്‍ന്നു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടറും പങ്കെടുത്തു.
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.