ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു.മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിൻ്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമൂഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു.
കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ ഡ്രൈവർ അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായി കണ്ടത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.