തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി ഐ പി.ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പൊലീസ് മേധാവിയാണ് സുനുവിനെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നയാൾ പൊലീസിൽ തുടരാൻ യോഗ്യനല്ലെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്. 15 തവണ സുനുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. സർവീസ് കാലയളവിൽ 6 സസ്പെൻഷനും കിട്ടി. ഏറ്റവും ഒടുവിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ആണ് സുനുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
