കർണാടകയിൽ ആദ്യ സിക വൈറസ് റിപ്പോർട്ട് ചെയ്തു. റായ്ച്ചൂർ ജില്ലയിലെ മാൻവിയിൽ അഞ്ചുവയസ്സുകാരിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകൾ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവർ താമസിക്കുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും, സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും, മറ്റാർക്കും സിക സ്വീകരിച്ചിട്ടില്ല എന്നും കർണാടക ആരോഗ്യ മന്ത്രി ഡോക്ടർ കെ.സുധാകർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, സിക വൈറസിനെ നേരിടാൻ ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും എന്നും അദ്ദേഹം അറിയിച്ചു.
