തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു. ഇന്നും നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപക മഴ പെയ്യും. ഇന്ന് തെക്കൻ കേരളത്തിലും നാളെ മധ്യകേരളത്തിലും മറ്റന്നാൾ വടക്കൻ കേരളത്തിലുമായിരിക്കും മഴ ശക്തമാവുക. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകുമെന്നും ഇതിന്റെ സ്വാധീന ഫലമായിട്ടാണ് മഴയെന്നും അവർ പറഞ്ഞു.